Latest News
Loading...

തലപ്പലം കിഴക്കേമലയില്‍ മണ്ണിടിച്ചില്‍; ഭീതിയോടെ പ്രദേശവാസികള്‍


ഈരാറ്റുപേട്ട തലപ്പലം പഞ്ചായത്തിലെ കിഴക്കേമലയിലുണ്ടായ മണ്ണിടിച്ചില്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞദിവസത്തെ ശക്തമായ മഴയിലാണ് ഇവിടെ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന 2 പാറമടകള്‍ക്ക് മധ്യഭാഗത്താണ് മണ്ണിടിഞ്ഞത്. പാറമടകള്‍ തുറക്കാനുള്ള നീക്കത്തിന് തടയിടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ 2 പാറമടകളാണ് 3 വര്‍ഷം മുന്‍പുവരെ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കി. പാറമടകള്‍ക്കുണ്ടായിരുന്ന ക്‌ളീന്‍ സര്‍ട്ടിഫിക്കറ്റ് പരിസ്ഥിതി ആഘാത പഠനസമിതി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഉടമകള്‍ ഹൈക്കോടതിയെ സമീപച്ചതിനെ തുടര്‍ന്ന് ഇതേ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കമമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്.




നിരവധി വീടുകളുള്ള ഇവിടെ ഇത് നാലാം തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. വലിയ കല്ലുകള്‍ സഹിതമാണ് താഴേയ്ക്ക് ഉരുണ്ടെത്തിയത്. പാറഖനനത്തെ തുടര്‍ന്ന് സ്‌ഫോടനത്തിന്റെ ആഘോതത്തില്‍ മലയില്‍ പലയിടത്തും വിള്ളലുകള്‍ രൂപപ്പെട്ടിട്ടുള്ളതായും പ്രദേശവാസികള്‍ പറയുന്നു. 



മണ്ണിടിയുന്നതിന് 5 മിനുട്ട് മുന്‍പ് വരെ ഇവിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപെട്ടത്. മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനം നിലനില്‍ക്കെ, ഭീതിയിലാണ് നാട്ടുകാര്‍. 



ദുരന്തനിവാരണ അതോറിറ്റി ഈ മേഖലയെ തീവ്ര അപകടമേഖലയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും വീണ്ടും പാറമട ആരംഭിക്കാനുള്ള നീക്കത്തെ അധികൃതര്‍ ഇടപെട്ട് തടയണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് നിവദേനവും നല്‍കിയിട്ടുണ്ട്.