ഗ്രീന്‍ സോണ്‍ ജില്ലകളായ കോട്ടയത്തിന്റെയും ഇടുക്കിയുടെയും ജില്ലാ അതിര്‍ത്തികളില്‍ സംയുക്തപരിശോധന. ലോക്ഡൗണ്‍ ഇളവുകള്‍ ഇരുജില്ലകളിലും ഇന്നുമുതല്‍ അനുവദിച്ചെങ്കിലും ജില്ലവിട്ടുള്ള യാത്രകള്‍ക്ക് നിബന്ധനകളുണ്ട്. പോലീസ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനവകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി മേഖലയായ വാഗമണ്‍ ഒറ്റയീട്ടിയ്ക്ക് സമീപം വെള്ളികുളത്താണ് പരിശോധന നടക്കുന്നത്. ജില്ലയ്ക്കുള്ളില്‍ സഞ്ചരിക്കുന്നതിന് തടസ്സമില്ലെങ്കിലും അതിര്‍ത്തി വിട്ടുപോകുന്നതിന് എസ്പിയുടെയോ കളക്ടറുടെയൊ പാസ് നിര്‍ബന്ധമാണ്. പാസില്ലാതെ എത്തിയ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ തിരിച്ചുവിട്ടു.
പാസുമായി എത്തിയാലും ജില്ല വിട്ട് പോയശേഷം തിരിച്ചെത്തുന്നവര്‍ ക്വാറെന്റെയിനില്‍ പോകേണ്ടിവരും. ഇവര്‍ സഞ്ചരിച്ച റൂട്ട് എഴുതിയെടുത്ത ശേഷം താമസസ്ഥലത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കും. ഇളവ് അനുവദിച്ചതോടെ ഗ്രീന്‍ സോണ്‍ ജില്ലകള്‍ തമ്മില്‍ പാസിന്റെ ആവശ്യമില്ലാതെ കടന്നുപോകാമെന്ന് കരുതി എത്തിയവര്‍ക്കാണ് തിരികെ പോകേണ്ടിവന്നത്. പാസുമായി എത്തുന്നവരെ മാത്രമെ അതിര്‍ത്തി കടത്തി വിടാനാകൂ എന്ന് പാലാ എ.എം.വി.ഐ ശ്രീജിത്ത് പറഞ്ഞു.
24 മണിക്കൂറും പരിശോധന തുടരും. ഉദ്യോഗസ്ഥര്‍ ഷിഫ്റ്റായാണ് ഇവിടെ പരിശോധന നടത്തുന്നത്. പനി പോലുള്ള രോഗവുമായെത്തുന്നവരുടെ വിവരം ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. ഈ മാസം 24 വരെ പരിശോധന തുടരുമെന്ന് പോലീസ്- മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.