Latest News
Loading...

കോവിഡ് അതി ജീവനത്തിന് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് രംഗത്ത്



കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാനും അതിജീവനത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തുവാനും പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് രംഗത്ത്. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ് , ജില്ലാ സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി എന്നിവയുടെ സഹകരണത്തോടെ ആണ് കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി 'ഒരു ദിവസം ഒരു രക്ത ദാതാവ് ' എന്ന ലക്ഷ്യത്തില്‍ ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് തുടങ്ങി കോട്ടയം ജില്ലയിലെ 5 ബ്ലഡ് ബാങ്കുകളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സന്നദ്ധ രക്ത ദാനത്തിന്റെ ആരംഭം ജില്ലാ കലക്ടര്‍ സുധീര്‍ ബാബു , ഡി. എം. ഒ. ഡോ. ജേക്കബ് വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ ക്യാപ്‌സ് ഗവെര്‍ണിങ് ബോഡി അംഗം ബിനോയി കട്ടയില്‍, ജില്ലാ സന്നദ്ധ രക്തദാന സമിതി കണ്‍വീനര്‍ ഷിബു തെക്കേമറ്റം എന്നിവര്‍ കോട്ടയം ജില്ലാ ആശുപത്രിയുടെ ബ്ലഡ് ബാങ്കില്‍ നടത്തി. ഷിബു തെക്കേമറ്റത്തിന്റെ 105-മത് രക്തദാനം കൂടിയായിരുന്നു ഇത്.  ജില്ലാ ടി ബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ക്യാപ്‌സ് ഭാരവാഹികളായ ഡോ. ഐപ്പ് വര്‍ഗീസ്, സജോ ജോയി, ജെയ്‌സണ്‍ ഫിലിപ്പ് ആലപ്പാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.


കോട്ടയം ജില്ലയിലെ 8 പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് കോളേജുകളും, പ്രാക്റ്റീഷണേഴ്‌സ് തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവര്‍ ഇതില്‍ പങ്കാളികളാകും. കൂടാതെ മുതിര്‍ന്നവര്‍, ഭിന്ന ശേഷി ഉള്ളവര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് ടെലി കൗണ്‍സിലിംഗ് സൗകര്യവും ലഭ്യമാക്കി വരുന്നു. ലോക്ക് ഡൌണ്‍ കാലത്ത് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ ക്രിയാത്മക ഇടപെടലുകള്‍ക്കു വേണ്ടി ക്യാപ്‌സ് സ്‌കില്‍സ് അക്കാഡമി ഓണ്‍ലൈന്‍ പരിശീലനവും നല്‍കി വരുന്നു.


സംസ്ഥാന തലത്തില്‍ ജാഗ്രതയോടെ ഇടപെടുന്ന അതിഥി തൊഴിലാഴികളുടെ ക്രമീകരണങ്ങള്‍ക്ക് വേണ്ടി വിവിധ ഭാഷകളില്‍ ഇടപെടുവാനും, കോട്ടയം ജില്ലയിലെ 5 താലൂക്കുകളും കേന്ദ്രീകരിച്ചു സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പരിപാടികള്‍ ജനങ്ങളിലെത്തിക്കുവാന്‍ ഹെല്‍പ് ഡെസ്‌കും ക്യാപ്‌സ് കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതായി ക്യാപ്‌സ് ഭാരവാഹികള്‍ അറിയിച്ചു.
വിശദാംശങ്ങള്‍ക്ക്94006 00823 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.