Latest News
Loading...

ഒരു കുടുംബം ഒരു ഫയല്‍ പദ്ധതിയുമായി മേലുകാവ് ഗ്രാമപഞ്ചായത്ത് ബജറ്റ്


 
മേലുകാവ് ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് നിഷാ ജോസഫിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ജെറ്റോ ജോസ് അവതരിപ്പിച്ചു. 75379000 രൂപ വരവും 74656000 രൂപ ചെലവും 723462 രൂപ നീക്കിബാക്കിയുമുളള ബജറ്റാണ് അവതരിപ്പിച്ചത്.

സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയായി പഞ്ചായത്തിലെ എല്ലാ കുടുംബത്തിനും പഞ്ചായത്ത് കാര്‍ഡ് നല്‍കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നു. ഇതിനായി ഒരു കുടുംബത്തിന് ഒരു ഫയല്‍ ആരംഭിക്കുകയും ആ കുടുംബത്തെ സംബന്ധിച്ചുളള എല്ലാ രേഖകളും ആ ഫയലില്‍ രേഖപ്പെടുത്തുകയും തുടര്‍ന്ന് പഞ്ചായത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകളോ, ദുരന്തനിവാരണം ഉള്‍പ്പെടെയുളള മറ്റ് പഞ്ചായത്ത് ആനുകൂല്യത്തിന് ആവശ്യം വരുമ്പോള്‍ രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ തന്നെ അപേക്ഷയിന്‍മേല്‍ ഉടന്‍ തന്നെ അവ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മേലുകാവ് പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് വിശ്രമത്തിനായി മേലുകാവ്മറ്റത്തെ പഞ്ചായത്ത് സ്‌റ്റേഡിയത്തിന് ചേര്‍ന്ന് അവശ്യ സൗകര്യങ്ങള്‍ ഒരുക്കി ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം പദ്ധതി നടപ്പാക്കാനും ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിരിക്കുന്നു. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി 6601000 രൂപയും പട്ടികജാതി വിഭാഗങ്ങള്‍ക്ക് 993000രൂപയും പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി ഒരുകോടി രൂപയും തൊഴിലുറപ്പു പദ്ധതികള്‍ക്കായി ഒരുകോടി ഇരുപത്തി അഞ്ച് ലക്ഷം രൂപയും കാര്‍ഷികമൃഗസംരക്ഷണ മേഖലക്കായി 18 ലക്ഷം രൂപയും വനിതാ ക്ഷേമം 15 ലക്ഷം രൂപയും വകയിരുത്തി.


വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി 15 ലക്ഷം രൂപയും ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിക്കായി 26 ലക്ഷംരൂപയും തെരുവു വിളക്കുകള്‍ക്കായി 12 ലക്ഷം രൂപയും കുട്ടികള്‍ യുവജനക്ഷേമം എന്നിവയ്ക്കായി 10 ലക്ഷം രൂപയും ശുചിത്വമാലിന്യ സംസ്‌കരണത്തിനായി 20 ലക്ഷം രൂപയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 4 ലക്ഷം രൂപയും വക കൊളളിച്ചിട്ടുളതായി വൈസ് പ്രസിഡന്റ് ജെറ്റോ ജോസ് പറഞ്ഞു.