കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മീനച്ചിൻ താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളും നിശ്ചലമായി. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് നല്ല ശതമാനം ആളുകളും പുറത്തിറങ്ങിയില്ല.
പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാർ, രാമപുരം, കൊല്ലപള്ളി, കടനാട്, പൈക എന്നിവിടങ്ങളിലെല്ലാം ജനതിരക്ക് പതിവിലും 90 ശതമാനത്തോളം കുറവായിരുന്നു. പാലാ ടൗൺ രാവിലെ മുതൽ തന്നെ ശാന്തമായിരുന്നെങ്കിലും ഈരാറ്റുപേട്ടയിലെ സ്ഥിതി വിഭിന്നമായിരുന്നു.
മുഖ്യമന്ത്രിയുടെ അറിയിപ്പ് സരിച്ച് രാവിലെ തുറന്ന പാലായിലെ വ്യാപാര സ്ഥാപനങ്ങൾ പൊലിസ് അടപ്പിച്ചു. ഈരാറ്റുപേട്ടയിൽ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.അനാവശ്യമായ തുറന്ന എല്ലാ വ്യാപാര സ്ഥാപനങളും അടപ്പിച്ചു.
ടൗണിൽ കറങ്ങിയ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും പൊലീസ് തടഞ്ഞു വിവരങ്ങൾ ചോദിച്ചറിഞ്ഞു. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളും പൊലീസ് പരിശോധിച്ചു. ഓട്ടോ ടാക്സികൾ രണ്ടിടങ്ങളിലും നിരത്തിലിറങ്ങിയിരുന്നു. പൊലീസ് ഇടപെട്ടതോടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിച്ചത്.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൊലീസ് മടക്കിയയച്ചു. നിയമം ലംഘിച്ചാൽ കർശന നടപടി എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുറന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പഴ്സലായാണ് നൽകിയത്.