Latest News
Loading...

മദ്യം ലഭിക്കാതെ അസ്വസ്ഥരാകുന്നവര്‍ക്ക് വൈദ്യസഹായവുമായി പാലാ ജനറലാശുപത്രി ഡി-അഡിക്ഷന്‍ സെന്റര്‍.


ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ ബിവറേജസും ബാറുകളും അടച്ചതോടെ മദ്യം കിട്ടാതെ വിഷമിക്കുന്ന സ്ഥിരം മദ്യപാനികള്‍ക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരവിന് അവസരമൊരുക്കി പാലാ ജനറല്‍ ആശുപത്രിയിലെ ഡി-അഡിക്ഷന്‍ സെന്റര്‍. മുന്‍പുണ്ടായിരുന്ന സൗകര്യങ്ള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാനുള്ള സംവിധാനങ്ങളും ഇവിടെ തയാറാണ്. കോട്ടയം അസി. എക്‌സൈസ് കമ്മീഷണല്‍ എം.എം മാസര്‍ വിമുക്തി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി.


പാലാ ആശുപത്രിയോട് ചേര്‍ന്നുള്ള ഡിഅഡിക്ഷന്‍ സെന്ററില്‍ 10 പേരെ കിടത്തിചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തില്‍ ബെഡുകളുടെ എണ്ണം 30 ആക്കി ഉയര്‍ത്തി. ഇപ്പോള്‍ 12 പേരാണ് മദ്യംകിട്ടാതെയുള്ള അസ്വസ്ഥതകളുമായി ഇവിടെ ചികിത്സയിലുള്ളത്. ലോക്ഡൗണിന് ശേഷമാണ് രോഗികളുടെ എണ്ണം കൂടിയതെന്ന് വിമുക്തി മെഡിക്കല്‍ ഓഫീസര്‍ ഡോ.റിച്ച ബെന്നി പറഞ്ഞു.


ഉറക്കക്കുറവ്, വിശപ്പില്ലായ്മ, വിറയല്‍, ദേഷ്യം തടങ്ങിയവയാണ് സ്ഥിരം മദ്യപാനികള്‍ക്ക് അത് ലഭിക്കാതാകുന്നതോടെ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍. രോഗം അംഗീകരിക്കാത്തവരാണ് രോഗികളും കുടുംബാംഗങ്ങളും. ഓരോ രോഗികളുടെയും റേഞ്ചിലുള്ള എക്‌സൈസ് ഓഫീസര്‍മാരാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ വിവിരങ്ങളും എക്‌സൈസ് ആരായുന്നുണ്ട്. മികച്ച സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ഉല്ലാസത്തിനായി ടിവിയും വായനയ്ക്കായി നിരവധി പുസ്തകങ്ങളുള്ള ലൈബ്രറിയും തയാറാക്കിയിട്ടുണ്ട്്. ചികിത്സയിലൂടെ ഈ രോഗാാവസ്ഥയെ പരിഹരിക്കാമെന്നു വിമുക്തി കേന്ദ്രം കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.അനൂപ ബെന്നി പറഞ്ഞു. സൈക്കോ തെറാപ്പിയും കൗണ്‍സിലിംഗും ചികിത്സയിലുള്ളവര്‍ക്ക് നല്‍കുന്നുണ്ട്.


ഭൂരിഭാഗം രോഗികള്‍ക്കും മരുന്നുവാങ്ങി വീട്ടിലിരുന്ന് കഴിച്ചുതന്നെ രോഗം ഭേദമാക്കാമെന്ന് അസി. കമ്മീഷണര്‍ എംഎം നാസര്‍ പറഞ്ഞു. ഈ ലോക്ഡൗണ്‍ കാലം അതിനുള്ള അവസരമായി കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.