Latest News
Loading...

ഈരാറ്റുപേട്ട നഗരത്തിൽ വീണ്ടും ട്രാഫിക് ക്രമീകരണങ്ങൾ


ഈരാറ്റുപേട്ട നഗരത്തിൽ  പുതിയ ട്രാഫിക് പരിഷ്ക്കാരങ്ങളുടെ ട്രയൽറൺ ഈ മാസം 25 നും 26നും നടക്കും.രാവിലെ 8 മുതൽ 11 മണി വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 6 മണി വരെയുമാണ് സമയം. നഗരത്തിരക്കിൻ്റെ പീക്ടൈമിൽ നടത്തുന്ന ട്രയൽറണ്ണിലൂടെ ക്രമീകരണങ്ങളുടെ റിസൾട്ടറിയാമെന്നും ഇതിൻ്റെ കൂടി അടിസ്ഥാനത്തിൽ നഗരത്തിൽ ട്രാഫിക് പരിഷ്ക്കാരം  നടപ്പാക്കാൻ നഗരസഭയിൽ ചേർന്ന ഗതാഗത ഉപദേശകസമിതി യോഗം തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ വി എം സിറാജ് അറിയിച്ചു. ട്രയൽറണ്ണിന് ജനപ്രതിനിധികൾ, പോലീസ്, വെഹിക്കിൾ ഡിപാർട്ട്മെൻ്റ്, സ്റ്റുഡൻറ്സ് പോലീസ്, എൻ സി സി എന്നിവർ നേതൃത്വം നൽകും.


പുതിയ പരിഷ്ക്കാരത്തിലൂടെ  മാർക്കറ്റ് റോഡിൽ നിന്ന് കുരിക്കൾ നഗറിലേക്ക് പ്രവേശനമില്ല.മാർക്കറ്റ് റോഡിൽ നിന്നുമുള്ള ചെറു വാഹനങ്ങൾ പടിപ്പുരക്കൽ ലിങ്ക് റോഡ് വഴിയും വലിയ വാഹനങ്ങൾ ആർ എച്ച് എം ജംഗ്ഷൻ വഴിയും മെയിൻ റോഡുകളിലേക്ക് പ്രവേശിക്കണം. തെക്കേക്കര കോസ് വേയിൽ നിന്നുള്ള വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ ചുറ്റിമാത്രം മാർക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ്റ്റാൻ്റ് ഭാഗത്തേക്കും പോകേണ്ടതാണ്. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ പാറനാനി ആർക്കേഡിൻ്റെ മുന്നിൽ നിർത്തി ആളെയിറക്കേണ്ടതാണ്.ഈ ബസ്സുകളുടെ അടുത്ത സ്റ്റോപ്പ് പ്രൈവറ്റ് ബസ്റ്റാൻ്റായിരിക്കും.


തൊടുപുഴ ഭാഗത്തു നിന്നും വരുന്ന ബസുകൾ നടയ്ക്കൽ കോസ് വേ - എം ഇ എസ് ജംഗ്ഷൻ ചുറ്റി മാത്രം പ്രൈവറ്റ് ബസ്റ്റാൻ്റിലേക്ക് പോകണം. കുരിക്കൾ നഗറിനു മുന്നിലുള്ള സ്റ്റോപ്പിലെ ബസുകളുടെ അനധികൃത പാർക്കിംഗും ഓട്ടോറിക്ഷകളുടെ കറക്കവും പൂർണമായും നിരോധിക്കും. കോടതിറോഡിലെ അനധികൃത പാർക്കിംഗും സെൻട്രൽ ജംഗ്ഷനിലെ അനധികൃത ഓട്ടോ പാർക്കിംഗും ഒഴിവാക്കും.


 ട്രയൽ റണ്ണിനു ശേഷം വ്യാപാരികളുടെ സഹകരണത്തോടെ കുരിക്കൾ നഗർ, സെൻട്രൽ ജംഗ്ഷൻ, പി ബി സ്റ്റാൻ്റ്, അരുവിത്തുറ ജംഗ്ഷൻ എന്നിവിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.

ട്രാഫിക്ക് ഉപദേശക സമിതി യോഗത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ഷാജി ജോസഫ്, ഈരാറ്റുപേട്ട എസ് ഐ അനുരാഗ്, ജോയിൻ്റ് ആർ ടി ഒ ഷിബു, പൊതുമരാമത്ത് വകുപ്പ് അസി എഞ്ചിനീയർ അനു  എന്നിവർ പങ്കെടുത്തു.