1980 മുതല്‍ മുസ്ലിം ലീഗിലെ ചില വ്യക്തികള്‍ വ്യക്തിവിരോധം മൂലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്ക് പുറകില്‍ ഇക്കൂട്ടരുടെ ഗൂഡാലോചന ആണ്.
താന്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുകയും വികസനം ഇല്ലായെന്നുള്ള പ്രചരണം നടത്തുകയുമാണ് ഇവരുടെ മുഖ്യകാര്യപരിപാടി. ഇതിന് ഉത്തമ ഉദാഹരണം ആണ് എം.എല്‍.എ. ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ച അല്‍മനാര്‍ ബൈപ്പാസ് മുടങ്ങി കിടക്കുന്നതും, തടവനാല്‍പ്പാലം നിര്‍മ്മാണം രണ്ട് വര്‍ഷത്തോളം വൈകിപ്പിച്ചതും. എം.എല്‍.എ. വിരോധം ആര്‍ക്കാണ് കൂടുതലെന്ന് ജനങ്ങളെ കാണിക്കാന്‍ മത്സരിക്കുന്ന ജനപ്രതിനിധികള്‍ നാടിന്റെ വികസനത്തില്‍ എം.എല്‍.എ.യുടെ പങ്കും പ്രോട്ടോക്കോളും എന്താണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി എം.എല്‍.എ. ഫണ്ടില്‍ നിന്നും മാത്രം 4 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഈരാറ്റുപേട്ട നഗരസഭയില്‍ നടപ്പിലാക്കിയത് ഇത് കൂടാതെ വിവിധ റോഡുകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്താനും നഗരസഭാ പരിധിയിലെ സ്‌കൂളുകളുടെ നവീകരണത്തിനും, ഗവ. ആശുപത്രിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കും മറ്റ് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കോടികണക്കിന് രൂപ അനുവദിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇതെല്ലാം മറന്ന് കണ്ണടച്ച് ഇരുട്ടാക്കുന്ന ഇത്തരക്കാരുടെ പ്രവര്‍ത്തികള്‍ അപഹാസ്യമാണ്.
മുസ്ലിങ്ങള്‍ അപ്പാടെ തീവ്രവാദികള്‍ ആണെന്ന് സ്ഥാപിക്കാന്‍ നടക്കുന്നവരുടെ കൈയിലേക്ക് വടി കൊടുക്കുന്ന നിലയില്‍ ചില സംഘടനകളുടെ പ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ഈരാറ്റുപേട്ടയെയും, മുസ്ലിം സമൂഹത്തെയും സ്‌നേഹിക്കുന്ന ജനപ്രതിനിധി എന്ന നിലയില്‍ അതിനെ എതിര്‍ക്കുകയും തുറന്നു പറയുകയും ചെയ്യുന്നതാണ് ഈ കൂട്ടര്‍ക്ക് എന്നെ അനഭിമതന്‍ ആക്കുന്നത്. എന്നാല്‍ ഇനിയും ഇത്തരക്കാര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങനെ തന്നെ തുടരുമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.