Latest News
Loading...

ഈരാറ്റുപേട്ട നിശ്ചലം; പാലായില്‍ ഹര്‍ത്താല്‍ ഏശിയില്ല



പൗരത്വഭേദഗതി ബില്ലിനെതിരെ സംയുക്തസമരസമതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ പൂര്‍ണം. രാവിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സമരക്കാര്‍ തടഞ്ഞു. ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞുവെങ്കിലും ഉച്ചയോടെ സ്ഥിതി ശാന്തമായി. കനത്ത പോലീസ് കാവലിലാണ് നഗരം. പാലായില്‍ സ്വകാര്യവാഹനങ്ങള്‍ തടസമില്ലാതെ ഓടി. 

ഈരാറ്റുപേട്ടയില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കാറുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ പോലും തുറന്നുപ്രവര്‍ത്തിച്ചല്ല. രാവിലെ പത്ത് മണിയോടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും നടത്തി. 



ഈരാറ്റുപേട്ടയില്‍ കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. സമരം ശക്തമായതോടെ ബസ് സര്‍വീസുകള്‍ അവസാനിപ്പിച്ചു. അതേസമയം, മലയോരമേഖലയിലേയ്ക്കുള്ള ചില സര്‍വീസുകള്‍ ഇടയ്ക്ക് നടത്തി. ബസുകളില്‍ യാത്രക്കാരും കുറവായിരുന്നു. സ്വകാര്യബസുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവെച്ചു. 

സംയുക്ത സമരസമിതി നേത്യതത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം വടക്കേക്കര - ചേന്നാട് കവല പി.ബി.റോഡ് വഴി ടൗണില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം എസ്.ഡി.പി.ഐ. പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഹസീബ് ഉത്ഘാടനം ചെയ്തു മതത്തിന്റ് പേരില്‍ രാജ്യത്തെ പൗരന്‍മാരെ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റ് നീക്കം ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണം എന്ന് സി.എച്ച്.ഹസീബ് പറഞ്ഞു.


വെല്‍ഫയര്‍ പാര്‍ട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഹസീബ് വെളിയത്ത്, എസ്.ഡി.പി.ഐ. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ വെള്ളാപ്പള്ളില്‍, ഫൈസല്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ബിനു നാരായണന്‍, ഇസ്മായില്‍ കീഴേടം, ഷൈല അന്‍സാരി, തിക്കോയി ഗ്രാമപഞ്ചായത്തം കെ.കെ. പരിക്കൊച്ച്, വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളായ യൂസുഫ് ഹിബ, ഷെഹിര്‍, കെ.കെ.സാദിഖ്, പി.എം.ആനിഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


പാലാ മേഖലയില്‍ കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങളും ടാക്‌സികളും നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി ഏതാനും സര്‍വീസുകള്‍ നടത്തി.