നൂറ്റാണ്ടുകളുടെ ചരിത്ര പ്രധാന്യമുള്ള പൂഞ്ഞാര്‍ കോയിക്കല്‍ ശ്രീ ധര്‍മ്മ ശാസ്ത്ര ക്ഷേത്രത്തിലെ ഉത്സവം ഇത്തവണ ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു നടപ്പിലാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച ആലോചനകള്‍ക്കായി കഴിഞ്ഞ ദിവസം അമ്പലം ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ക്ഷേത്രപരിസരത്ത് അജൈവ-പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം.
ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങളും യോഗത്തിലെടുത്തു. മാലിന്യം നിക്ഷേപിക്കുന്നതിനായി ക്ഷേത്രം പരിസരത്ത് 50 ഓളം ജൈവബിന്നുകള്‍ സ്ഥാപിക്കും. ഇത്തരം ബിന്നുകളുടെ നിര്‍മ്മാണത്തില്‍ 18 ന് ഹരിത കര്‍മ്മ സേനയ്ക്ക് പരിശീലനം നല്‍കും. സ്റ്റീല്‍ പാത്രത്തിലായിരിക്കും അന്നദാനം വിതരണം.
ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മണ്പാത്രത്തില്‍ സംഭാര വിതരണം നടത്തും. വ്യാപാരികള്‍ക്ക് ഹരിത പെരുമാറ്റ ചട്ടം സംബന്ധിച്ച് ബോധവത്കരണ നോട്ടീസുകള്‍ നല്‍കും. പൂഞ്ഞാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രം പരിസരത്തു പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തും. ഉല്‍സവ അലങ്കരത്തിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കും.
പ്രകൃതി സൗഹൃദം ബോര്‍ഡുകളാവും ഉല്‍സവം സംബന്ധിച്ച് അറിയിപ്പുകള്‍ക്ക് ഉപയോഗിക്കുക. ഭക്ഷണ ശാലകളില്‍ വാഴയില എത്തിക്കാന്‍ ഒരു വീട്ടില്‍ നിന്നും ഒരു വാഴയില പദ്ധതി നടപ്പാക്കും. ഹരിത ബൂത്ത് ആരംഭിക്കും. ഭക്ത ജനങ്ങള്‍ എത്തിക്കുന്ന വാഴ ഇല ഇവിടെ നിന്നും കടകളിലേക്ക് കൈമാറും.
ഏകദേശം ആയിരത്തോളം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് അനുമാനം. മകരത്തിലെ അനിഴം നക്ഷത്രത്തിലാണ് കൊടിയേറ്റും തിരുവുത്സവവും. മീനച്ചിലാറ്റിലാണ് ആറാട്ട് നടക്കുന്നത്.