Latest News
Loading...

പാലാ ടൗണ്‍ സ്റ്റാന്‍ഡിലെ വെയിറ്റിംഗ് ഷെഡ് പുനര്‍നിര്‍മാണം ആരംഭിച്ചു



പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡിലെ തകര്‍ന്നുവീണ വെയിറ്റിഗ് ഷെഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കെഎസ്ആര്‍ടിസി ബസ് തട്ടി വെയിറ്റ്ഗ് ഷെഡ് തകര്‍ന്ന് കൃത്യം 2 വര്‍ഷം തികയുമ്പോഴാണ് ബസ് കാത്തരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ നടപടിയായത്. ആയിരക്കണക്കിനാളുകള്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ ഒരു വെയിറ്റിംഗ് ഷെഡ് നിര്‍മിക്കാന്‍ പോലും എത്രമാത്രം കാലതാമസമെടുക്കും എന്നതിന് ഉദാഹരണം കൂടിയാണ് ഈ വെയിറ്റിംഗ്‌ഷെഡ്. 



11 ലക്ഷം രൂപ മുടക്കിയാണ് പുതിയ കാത്തിരുപ്പ് കേന്ദ്രം നിര്‍മിക്കുന്നത്. അന്തരിച്ച കെഎം മാണി എംഎല്‍എയുടെ കാലത്ത് തന്നെ വെയിറ്റിംഗ് പുനര്‍ നിര്‍മാണത്തിന് തുക അനുവദിച്ചിരുന്നു. ഫയല്‍ നീക്കത്തിലെ കാലതാമസത്തിനൊപ്പം, പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പണികള്‍ വൈകാന്‍ കാരണമായി. പിഡിബ്ല്യുഡിയ്ക്കാണ് നിര്‍മാണച്ചുമതല. മൂന്ന് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. 



2017 നവംബര്‍ 5നാണ് വെയിറ്റിംഗ് ഷെഡ് കെട്ടിടം തകര്‍ന്നുവീണത്. കാലപ്പഴക്കമുള്ള ബസ്‌കാത്തിരിപ്പ് കേന്ദ്രം, കെ.എസ്.ആര്‍.ടി.സി ബസ് മുന്നോട്ടെടുത്തപ്പോള്‍ ബസ് തട്ടി നിലംപൊത്തുകയായിരുന്നു. ബസ് അലക്ഷ്യമായി മുന്നോട്ട് എടുത്തപ്പോള്‍ വെയിറ്റിംഗ് ഷെഡില്‍ ഉടക്കി നിന്നു. തുരുമ്പിച്ച കമ്പികള്‍ ഒടിഞ്ഞ് അല്‍പസമയത്തിനുള്ളില്‍ ഷെഡ് നിലംപൊത്തുകയായിരുന്നു. 



2017-ല്‍ വെയിറ്റിംഗ് ഷെഡ് തകര്‍ന്നപ്പോള്‍

ദിവസേന 100 കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ കനത്ത വെയിലിലും മഴയിലും ബസ് കാത്ത് നില്‍ക്കാന്‍ ഇടമില്ലാതെ രണ്ട് വര്‍ഷത്തോളമാണ് യാത്രക്കാര്‍ വലഞ്ഞത്.  എറണാകുളം, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, വൈക്കം, മുണ്ടക്കയം, രാമപുരം മേഖലകളിലേയ്ക്കുള്ള ബസുകള്‍ കാത്തുനില്‍ക്കുന്നത് ഇവിടെയായിരുന്നു. മഴയിലും വെയിലിലും ഒരുമേല്‍ക്കൂര വേണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് ഒടുവില്‍ പരിഹാരമാകുന്നത്.