പാലാ ജനറൽ ആശുപത്രിയിലെ മാലിന്യങ്ങൾ ഉടനടി നീക്കാനും ശാസ്ത്രീയമായി നിർമാർജനം ചെയ്യാനും വിശദമായ പദ്ധതി തയാറാക്കി. ഇതിന് ആശുപത്രി വികസന സമിതിയുടെ കൂടി അംഗീകാരം ലഭിച്ചതോടെ പദ്ധതി എത്രയും വേഗം നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികാരികൾ.
ആശുപത്രി ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ (ബയോ മെഡിക്കൽ വേസ്റ്റ്) നിത്യവും ഇവിടെനിന്നു നീക്കും. ഇതിനായി ഐഎംഎ ഏർപ്പെടുത്തിയ വാഹനം ദിവസവും ജനറൽ ആശുപത്രിയിലെത്തി മാലിന്യം ശേഖരിക്കും. ഇതിനു മാത്രമായി പ്രതിമാസം 30,000 രൂപ ചെലവഴിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ പാലാ നഗരസഭയിലെ ഹരിത കർമസേനാംഗങ്ങൾ ശേഖരിച്ച് പ്ലാസ്റ്റിക് പൊടിക്കുന്ന കേന്ദ്രത്തിലെത്തിക്കും. കടലാസ് മാലിന്യങ്ങൾ ഇതേവരെ ആശുപത്രി വളപ്പിൽ കത്തിച്ചു വരികയായിരുന്നു. ഭാവിയിൽ കടലാസ് മാലിന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നീക്കാൻ ധാരണയായിട്ടുണ്ട്. മാലിന്യങ്ങൾ തരംതിരിക്കാൻ കുടുംബശ്രീയുടെ സേവനവും തേടും.
ആശുപത്രിക്കുള്ളിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളൊന്നും ഇനി കടത്തിവിടില്ല. ഇക്കാര്യം കർശനമായി നിരീക്ഷിക്കാൻ വനിതാ സെക്യൂരിറ്റിയെ ഉൾപ്പെടെ നിയമിച്ചു കഴിഞ്ഞു. ഡിസംബർ ഒന്നു മുതൽ ഇത് കർശനമായി നടപ്പാക്കും. ഇത് ലംഘിക്കുന്നവരിൽനിന്ന് 50 രൂപ പിഴ ഈടാക്കും. പ്ലാസ്റ്റിക് കൂടുകളിലും മറ്റും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണസാധനങ്ങൾ ആശുപത്രിയിലേക്ക് കൊടുത്തു വിടരുതെന്ന് ആശുപത്രി പരിസരത്തെ വ്യാപാരികൾക്കും നിർദേശം കൊടുത്തിട്ടുണ്ട്.
സന്ദർശകർക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആശുപത്രി വികസനസമിതി യോഗം തീരുമാനിച്ചു. എല്ലാ ദിവസവും രാവിലെ 8.30 മുതൽ 12.30 വരെ സന്ദർശകരെ അനുവദിക്കുന്നതല്ല. എന്നാൽ ഒഴിവാക്കാനാവാത്ത അത്യാവശ്യ ഘട്ടങ്ങളിൽ 25 രൂപ സ്പെഷൽ പാസെടുത്ത് സന്ദർശകർക്ക് രോഗികളെ സന്ദർശിക്കാം. വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെയാണ് സന്ദർശകർക്ക് സൗജന്യമായി സന്ദർശിക്കാനുള്ള സമയം. ബാക്കി സമയത്ത് അഞ്ചു രൂപയുടെ പാസെടുക്കണം.
ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി. മാത്യു, ആർഎംഒ ഡോ. അനീഷ് കെ. ഭദ്രൻ എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കിയ മാലിന്യ നിർമാർജന പദ്ധതിക്ക് ആശുപത്രി വികസന സമിതി യോഗം പൂർണ പിന്തുണയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. നഗരസഭാ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാണി സി. കാപ്പൻ എംഎൽഎ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ആശുപത്രിയിലെ വിവിധ ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുത്തു.